ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിലെ കുലിക്കിലിയാട്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കായികാധ്യാപകൻ മരിച്ചു. കോട്ടപ്പുറം അക്ഷയ വീട്ടിൽ ചന്ദ്രൻ-കുഞ്ഞിലക്ഷ്മി ദമ്പതികളുടെ മകൻ അഭിജിത്താണ് (28) മരിച്ചത്. കുണ്ടൂർക്കുന്ന് ടി.എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകനാണ്. ഡിസംബർ 10ന് രാത്രി കുലിക്കിലിയാട് ഷാഹിദ ഓഡിറ്റോറിയത്തിന് മുന്നിൽ പിറകിൽ വന്ന ബൈക്ക് അഭിജിത്ത് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടിയെങ്കിലും ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സഹോദരി: ഡോ. അഖില. ശ്രീകൃഷ്ണപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.