ശ്രീകൃഷ്ണപുരം: പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വിരുന്നെത്തിയ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. മണ്ണാർക്കാട് കുമരംപുത്തൂർ പള്ളിക്കുന്ന് കാട്ടിക്കുന്നൻ വീട്ടിൽ യൂനുസ്-ശരീഫ ദമ്പതികളുടെ മകൻ മുഹമ്മദ് സ്വാലിഹാണ് (17) മരിച്ചത്. കോഴിക്കോട് ഫേസ് കാമ്പസ് ദഅ്വ കോളജിലെ പ്ലസ് ടു വിദ്യാർഥിയാണ്. ബുധനാഴ്ചയാണ് സ്വാലിഹ് കരിമ്പുഴ പഞ്ചായത്തിലെ കുലിക്കിലിയാട് കുഴൽക്കിണർ ഭാഗത്തെ വിരുന്നെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ബന്ധുവീട്ടിലെ കുട്ടികളോടൊപ്പം കുലിക്കിലിയാട് പൂക്കുന്തി കുളത്തിൽ കുളിക്കാൻ പോയത്. നീന്തൽ വശമുണ്ടായിരുന്ന സ്വാലിഹ് കുറച്ചുനേരം നീന്തി കുളപ്പടവിൽ വിശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. കൂടെയുണ്ടായിരുന്ന കുട്ടികൾ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. വിവരം അറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ ഏതാനും യുവാക്കൾ ചേർന്ന് കരക്കെടുത്ത് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശനിയാഴ്ച പുലർച്ചയായിരുന്നു അന്ത്യം. ഖബറടക്കം പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. സഹോദരങ്ങൾ: ഫാത്തിമ ജുമാന, അമീറലി, മിൻഹ ഫാത്തിമ.