വടക്കഞ്ചേരി: വണ്ടാഴി വടക്കുമുറിക്ക് സമീപം ഇഷ്ടികചൂളയിലേക്ക് മണ്ണുമായി വന്ന ടോറസ് ലോറി അപകടത്തിൽപ്പെട്ട് ഡ്രൈവർ മരിച്ചു. തൃശൂർ കൈനൂർ ചേമ്പൂർ തോമ്പിൽ വീട്ടിൽ ശശിയുടെ മകൻ സച്ചിൻ ശശി (24) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ച അഞ്ചോടെയായിരുന്നു സംഭവം. മറ്റൊരു ലോറി മണ്ണിറക്കുന്നതിനിടെ സച്ചിന്റെ ലോറിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ പിൻഭാഗം താഴെ നില്ക്കുന്ന ലോറിയുടെ കാബിനിൽ ഇടിച്ച് പൂർണമായി തകർന്നു. കാബിനടിയിൽപ്പെട്ട സച്ചിനെ ക്രെയിനിന്റെ സഹായത്തോടെ അഗ്നി രക്ഷാസേനയും പൊലീസും ചേർന്ന് രണ്ടര മണിക്കൂർ പരിശ്രമത്തിലൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ചൊവ്വാഴ്ച വൈകുന്നേരത്തോടുകൂടി സംസ്കരിച്ചു. അപകട സമയം സമീപത്തുണ്ടായിരുന്ന ഇഷ്ടിക ചൂളയുടെ മാനേജർ വിൽസണ് നിസ്സാര പരിക്കേറ്റു. ഇയാളെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കഞ്ചേരി പൊലീസ് കേസെടുത്തു. പരേതയായ ബിന്ദുവാണ് സച്ചിന്റെ മാതാവ്. സഹോദരങ്ങൾ: ശ്യാം ശശി, ശരത്ത് ശശി.