അലനല്ലൂർ: തിരുവിഴാംകുന്നിന് സമീപം സ്കൂള്‍ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പാലക്കാഴിയിലെ ചെമ്പന്‍ വീട്ടില്‍ അബ്ദുസലീമിന്റെ മകന് അന്‍ഷിദാണ് (21) മരിച്ചത്. കുമരംപുത്തൂര്‍ പള്ളിക്കുന്ന് നെച്ചുള്ളിയിലെ കുഞ്ഞീരിയുടെ മകന് സുധീഷിനാണ് (28) പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെ തിരുവിഴാംകുന്ന് പോസ്റ്റ് ഓഫിസിന് മുന്‍വശത്തായിരുന്നു അപകടം. വിദ്യാർഥികളുമായി തിരുവിഴാംകുന്ന് ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂള്‍ ബസും എതിര്‍ദിശയില്‍ വരികയായിരുന്ന സ്കൂട്ടറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു. ഗുരുതര പരിക്കേറ്റ ഇരുവരേയും വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്‍ഷിദിനെ രക്ഷിക്കാനായില്ല. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്.മാതാവ്: സൈനബ. സഹോദരങ്ങൾ: അസ്കർ അലി, അൻഷിഫ്. ഖബറടക്കം പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച പാലക്കാഴി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.