ആനക്കര: പ്രശസ്ത ആയുർവേദ ഡോക്ടർ കൂടല്ലൂർ ഹുറൈർ കുട്ടി (67) നിര്യാതനായി. ശനിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. വൈദ്യര് കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഉമ്മ തിത്തീമു ഉമ്മയില്‍ നിന്നാണ് ഡോ. ഹുറൈര്‍ കുട്ടി ചികിത്സയുടെ ബാലപാഠങ്ങള്‍ കൈവശപ്പെടുത്തിയത്. പത്തു വയസ്സു മുതൽ മാതാവിന്റെ അടുത്തുവരുന്ന രോഗികള്‍ക്ക് മരുന്നു കുറിപ്പടികള്‍ എഴുതിക്കൊടുത്തിരുന്നതും ഹുറൈര്‍ കുട്ടിയായിരുന്നു. ഉമ്മ ജീവിച്ചിരുന്ന കാലത്ത് ചികിത്സയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാന്‍ പ്രയാസമുള്ള ഘട്ടങ്ങളില്‍ ഇരുവരും ചര്‍ച്ച ചെയ്താണ് പരിഹരിച്ചിരുന്നത്. ഉമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ആയുര്‍വേദ ഡോക്ടറാകുകയായിരുന്നു. 1983ലാണ് ഹുറൈര്‍കുട്ടി സര്‍ക്കാര്‍ സര്‍വിസില്‍ മെഡിക്കല്‍ ഓഫിസറായി പ്രവേശിച്ചത്. കൂടല്ലൂർ എ.ജെ.ബി സ്കൂൾ, മലമക്കാവ് യു.പി സ്കൂൾ, തൃത്താല ഹൈസ്കൂൾ, കോട്ടക്കൽ ആയുർവേദ കോളജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്തിട്ടുണ്ട്. 2010ൽ സർവിസില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമ്മയുടെ ഓർമക്കായി പഴയ തറവാടുവീടിനോട് സാദൃശ്യമുള്ള തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുർവേദ ആശുപത്രി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ആരംഭിച്ചു. ഇവിടെ ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സ ആവശ്യമെങ്കില്‍ അദ്ദേഹം നിർദേശിക്കും. സ്വന്തം മരുന്നുകൂട്ടുകളും പഥ്യവുമൊക്കെ നല്‍കിയുള്ള ചികിത്സയിലൂടെ രോഗം പൂര്‍ണമായും മാറ്റിയിട്ടേ ഡോക്ടര്‍ക്ക് വിശ്രമമുള്ളൂ. സ്വദേശികളും വിദേശികളും ചികിത്സക്കായി ഇവിടെ എത്താറുണ്ട്. ഭാര്യ: മൈമൂന. മക്കൾ: ഡോ. ഷിയാസ്, ഡോ. നിയാസ്, നിഷിത. മരുമകൻ: ഫിറോസ്.