അമലനഗർ: മുതുവറ പുത്തിശ്ശേരിയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പറപ്പൂർ മുള്ളൂർ സ്വദേശി ചിറ്റിലപ്പിള്ളി വിൻസനാണ് (52) മരിച്ചത്. ബുധനാഴ്ച രാത്രി 9.15നായിരുന്നു അപകടം. മുതുവറ പെട്രോൾ പമ്പിൽനിന്ന് പെട്രോൾ അടിച്ച് സ്കൂട്ടറിൽ വിൻസൺ വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ വിൻസണിന്റെ തലക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ ചേറ്റുപുഴ സ്വദേശി പുത്തൻ മഠം വീട്ടിൽ ജയറാം (19), അടാട്ട് അമ്പലങ്കാവ് സ്വദേശി തൈക്കോവിൽ വീട്ടിൽ സനൽ (19) എന്നിവർക്കും പരിക്കേറ്റു. മൂവരെയും അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ വിൻസൺ മരിച്ചു. ഗൾഫിൽ ജോലി ചെയ്തിരുന്ന വിൻസൺ ഈയിടെയാണ് നാട്ടിലെത്തിയത്. ഭാര്യ: ജിജി. മക്കൾ: അഞ്ജന, ഏയ്ഞ്ചൽ. മരുമകൻ: നിധിൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് മൂന്നിന് ചിറ്റിലപ്പിള്ളി സെൻറ് റീത്താസ് പള്ളി സെമിത്തേരിയിൽ.