കൊല്ലങ്കോട്: ചികിത്സക്കായി കൈകോർത്ത നാട്ടുകാരെ നൊമ്പരത്തിലാഴ്ത്തി കലാധരൻ യാത്രയായി. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പല്ലശ്ശന തെമ്പള്ളം കണ്ടമുത്തന്റെ മകൻ കലാധരനാണ് (32) ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സ തുടരുന്നതിനിടെ മരിച്ചത്. കഴിഞ്ഞ ഏപ്രിൽ 25ന് രാത്രി 10ന് ആലത്തൂർ ദേശീയ പാതയിൽ സ്വാതി ജങ്ഷനിലെ സർവിസ് റോഡിൽ കലാധരനെ കാർ ഇടിക്കുകയായിരുന്നു. സഹോദരിയുടെ വീട്ടിൽ പോയി സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിർത്താതെ പോയ കാർ പിന്നീട് പൊലീസ് പിടികൂടി. അപകടത്തിൽ ഗുരുതര പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്നു കലാധരൻ. തലക്ക് ഗുരുതര പരിക്കുള്ളതിതിനാൽ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. നിർധന കുടുംബത്തെ സഹായിക്കാൻ ബിരിയാണി ഫെസ്റ്റ് ഉൾപ്പെടെ നടത്തി നാട്ടുകാർ ധനസമാഹരണം നടത്തി. ഈ തുക ഉപയോഗിച്ച് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും രോഗം ഭേദമായി വീട്ടിലെത്തുന്നത് കാത്തിരിക്കുന്നതിനിടെയാണ് കലാധരന്റെ മരണവാർത്തയെത്തിയത്. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: ഗംഗാധരൻ, ഗണേശൻ, കലാവതി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് തേങ്കുറിശ്ശി വാതക ശ്മശാനത്തിൽ.