കുമ്പള: മഞ്ചേശ്വരത്ത് ബൈക്കിൽ സ്കൂൾ ബസ് ഇടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർഥികളായ ബെജ്ജങ്കളയിലെ അഭിഷേക് (20), മിയാപദവിലെ പ്രീതേഷ് ഷെട്ടി (20) എന്നിവരാണ് മരിച്ചത്. ചിഗിറുപ്പാത കുളുന്തുരിലെ നിമിത്തി (19)നാണ് പരിക്കേറ്റത്. മിയാപദവിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. സ്കൂൾകുട്ടികളുമായി പോവുകയായിരുന്ന ബസ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബജ്പെ ശ്രീദേവി കോളജിൽ ഏവിയേഷൻ വിദ്യാർഥിയാണ് പ്രീതേഷ്. മിയാപദവ് സഹകരണ ബാങ്ക് പ്രസിഡൻറ് ഹരീഷ് ഷെട്ടിയുടെയും പൂർണിമയുടെയും മകനാണ്. സഹോദരങ്ങൾ: പ്രജ്ഞേഷ, പ്രതീക്ഷ. മംഗളൂരുവിലെ പ്രേരണ കോളജ് വിദ്യാർഥികളാണ് മരിച്ച അഭിഷേകും പരിക്കേറ്റ നമിത്തും. സുരേഷ് ഭണ്ഡാരി- ഹരിണാക്ഷി ദമ്പതികളുടെ മകനാണ് അഭിഷേക്. സഹോദരി: ജാഹ്നവി. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.