പത്തനാപുരം: മുതിര്‍ന്ന കാഥികന് പുനലൂര്‍ തങ്കപ്പന് (92) നിര്യാതനായി. എറെ നാളായി പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയായിരുന്നു. തിങ്കളാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നായിരുന്നു അന്ത്യം.ഭാര്യയുടെ മരണശേഷം അവരുടെ പരിചാരികയായിരുന്ന അജിതക്ക് സ്വന്തം വീടും സ്ഥലവും എഴുതി നല്‍കിയശേഷം സ്വയമേധയാ ഇദ്ദേഹം പത്തനാപുരം ഗാന്ധിഭവനില്‍ എത്തുകയായിരുന്നു. കേരളത്തിലെ പ്രഗല്ഭനായ മൃദംഗ വിദ്വാനായിരുന്ന കേശവനാശാന്റെയും പാര്‍വതിയുടെയും പത്ത് മക്കളില്‍ രണ്ടാമനായിരുന്നു തങ്കപ്പന്.
13ാം വയസ്സില്‍ പുനലൂരില്‍ ‘ഭക്തനന്ദനാര്‍’ എന്ന കഥ അവതരിപ്പിച്ചായിരുന്നു തുടക്കം. ആകാശവാണിയില്‍ ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ച കാഥികന് തങ്കപ്പനാണ്. കഥാപ്രസംഗം ഗ്രാമഫോണില്‍ റെക്കോര്‍ഡ് ചെയ്ത ആദ്യ കാഥികനും അദ്ദേഹമായിരുന്നു. 1960 മുതല്‍ ചെന്നൈ എച്ച്.എം.വി സ്റ്റുഡിയോയിലാണ് ഭക്തനന്ദനാര്‍, നല്ലകുടുംബം, കുടുംബാസൂത്രണം എന്നീ കഥാപ്രസംഗങ്ങള്‍ റെക്കോഡ് ചെയ്തത്. ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ആദ്യകാല എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. മുപ്പതിലേറെ കഥകള്‍ രണ്ടായിരത്തിലേറെ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ‘വേലുത്തമ്പിദളവ’ എന്ന കഥയായിരുന്നു അവസാനം അവതരിപ്പിച്ചത്. ജീസസ്, പുത്രകാമേഷ്ടി, സംഭവാമി യുഗേ യുഗേ, മനുഷ്യബന്ധങ്ങള്‍, സ്നേഹദീപമേ മിഴിതുറക്കൂ എന്നീ സിനിമകളിൽ അഭിനയിച്ചു. 2013ല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം നല്കി ആദരിച്ചു. ചൊവ്വാഴ്ച രാവിലെ 11 മുതല്‍ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനവും ഉച്ചക്കുശേഷം തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരവും നടക്കും. ജനാര്ദനന്, മണി, ശശിധരന് (തബലിസ്റ്റ്), രാധാകൃഷ്ണന്, പുനലൂര്‍ സാംബന് (നാടകനടന്‍), സരസ്വതി, ശാന്ത, കനകമ്മ, രാധാമണി എന്നിവര്‍ സഹോദരങ്ങളാണ്.