വടക്കഞ്ചേരി: കിഴക്കഞ്ചേരി പട്ടയം പാടത്തിന് സമീപം ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടയംപാടം കണ്ണംകുളമ്പ് സഹദേവൻ (67), ഭാര്യ ജാനകി (60) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെ അടുക്കള ഭാഗത്താണ് തൂങ്ങിയ നിലയിൽ കണ്ടത്. സഹദേവനും ജാനകിയും തമ്മിൽ വെള്ളിയാഴ്ച രാത്രി വഴക്കുണ്ടായതായി നാട്ടുകാർ പറഞ്ഞു.ശനിയാഴ്ച രാവിലെ സഹദേവൻ കുന്നംകാട്ടിലെ അക്ഷയ കേന്ദ്രത്തിലക്ക് പോയി തിരിച്ചുവന്നപ്പോൾ ജാനകി തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സഹദേവൻ ഉടൻ സമീപത്ത് താമസിക്കുന്ന പിതാവ് ശ്രീധരനോട് മരണവിവരം പറഞ്ഞ് തിരിച്ചുവീട്ടിൽ പോയി ജാനകിയുടെ അടുത്തുതന്നെ മറ്റൊരു കയറിൽ തൂങ്ങുകയായിരുന്നു. ശ്രീധരൻ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇവർക്ക് രണ്ട് ആൺമക്കളുണ്ടെങ്കിലും വേറെയാണ് താമസം. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റിനുശേഷം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: അജീഷ്, സജീഷ്. മരുമക്കൾ: അജിത, ജിഷ.