മീനങ്ങാടി: കൊട്ടത്തോണി മറിഞ്ഞ് കാരാപ്പുഴ ഡാം റിസര്‍വോയറില്‍ കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വാഴവറ്റ ഏഴാംചിറ ചീപ്രം കോളനിയിലെ ബാലന്റെ ഭാര്യ മീനാക്ഷി(45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബാലനും മീനാക്ഷിയും വിറക് ശേഖരിക്കാന്‍ കൊട്ടത്തോണിയില്‍ പോകുന്നതിനിടെ ഞായറാഴ്ചയായിരുന്നു അപകടമുണ്ടായത്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ രണ്ടു ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നോടെയാണ് മൃതദേഹം പുറത്തെടുത്തത്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൽപറ്റ, ബത്തേരി അഗ്നിരക്ഷാ സേനയും തുർക്കി ജീവൻ രക്ഷാസമിതിയും തിരച്ചിലിന് നേതൃത്വം നൽകി. മീനങ്ങാടി പൊലീസും ട്രൈബൽ വകുപ്പ് അധികൃതരുമെല്ലാം തിരച്ചിലിന് മേൽനോട്ടം വഹിച്ചു. ചീപ്രം കോളനിയിലെ പോളൻ പണിയന്റെയും മാദിയുടെയും മകളാണ് മീനാക്ഷി. മക്കൾ: അനീഷ്, അഖിൽ, വന്ദന.