പാലക്കാട്: നഗരത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊട്ടേക്കാട് കരുമന്‍കാട് വീട്ടില്‍ വയ്യാപുരിയാണ് (58) തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്. ജനുവരി മൂന്നിനുണ്ടായ അപകടത്തിൽ ഇദ്ദേഹത്തിന്റെ ഭാര്യ ഓമന മരിച്ചിരുന്നു. വയ്യാപുരിയും ഭാര്യയും സഞ്ചരിച്ച ബൈക്കിൽ മേട്ടുപ്പാളയം സ്ട്രീറ്റില്‍നിന്ന് താരേക്കാട് റോഡിലേക്ക് കയറിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ എതിര്‍ദിശയില്‍ വന്ന സ്വകാര്യ ബസ് ഓമനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഓമന സംഭവസ്ഥലത്തുതന്നെ മരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയ്യാപുരിയെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കൊട്ടേക്കാട് പാല് സൊസൈറ്റി ജീവനക്കാരനായിരുന്നു വയ്യാപുരി. മക്കള്‍: ആതിര, ആദര്‍ശ് (ബംഗളൂരു). മരുമകന്: സജിത് (അബൂദബി). മൃതദേഹം ബുധനാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.