ആലത്തൂർ: പരോളിലിറങ്ങിയ പ്രതിയെ സ്കൂൾ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അയിലൂർ ചേവക്കുളം പ്ലാക്കോട്ടുപറമ്പിൽ രാജേഷിനെയാണ് (26) ചിറ്റിലഞ്ചേരിയിൽ സ്കൂൾ വളപ്പിലെ കെട്ടിട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2016ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ കേസിൽ പത്ത് വർഷം തടവ് ശിക്ഷിച്ചതിനെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ആളാണ് രാജേഷെന്നാണ് വിവരം. ഇയാളുടെ മുത്തച്ഛൻ രാജന്റെ മരണത്തെ തുടർന്ന് ഒരു മാസത്തെ പരോളിന് നാട്ടിൽ വന്നതായിരുന്നു. ജനുവരി 31ന് പരോൾ തീർന്ന് ഫെബ്രുവരി ഒന്നിന് ജയിലിൽ തിരിച്ചെത്തേണ്ടതായിരുന്നു.
മൃതദേഹത്തിനരികെ താൻ നിരപരാധിയാണെന്ന് കോടതിയോട് പറയുന്ന കത്തും കണ്ടെത്തിയിട്ടുണ്ട്. പരേതന് ഭാര്യയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.