മുണ്ടൂർ (പാലക്കാട്): ഗ്രാമപഞ്ചായത്ത് ഓഫിസ് വളപ്പിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഡ്യൂട്ടിക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം വടയാർ തലയോലപറമ്പ് സിലോൺ ജങ്ഷനിൽ രാജ്കുമാറിന്റെ മകൻ ഡോ. സുരജ് കെ. രാജ് (41) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. രോഗികളെ പരിശോധിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ വിശ്രമിക്കുന്നതിനിടെ തൊട്ടടുത്ത മുറിയിൽ പോകവെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സഹപ്രവർത്തകയായ ഡോ. രേഷ്മ പ്രഥമ ശ്രുശ്രൂഷ നൽകി. ആംബുലൻസ് കിട്ടാൻ വൈകുന്നത് പരിഗണിച്ച് മറ്റൊരു വാഹനത്തിൽ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. നാല് വർഷം മുമ്പാണ് ഡോക്ടർ മുണ്ടൂർ ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായി ചുമതലയേറ്റത്. മൃതദേഹം ബുധനാഴ്ച വൈകീട്ട് സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച നാട്ടിൽ നടക്കും. ചുണ്ണാമ്പ് തറയിലാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. ഭാര്യ: ഡോ. ശ്രീജ (പാലക്കാട് ഗവ. ജില്ല ആശുപത്രി). മകൻ: ശ്രീരാം.