കൊല്ലങ്കോട്: കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു. പാലക്കോട് പഴണിയാണ് (74) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴരക്ക് ചായ കുടിക്കാൻ റോഡിലൂടെ നടക്കുകയായിരുന്ന പഴണിമലയെ സമീപത്തെ തെങ്ങിൻതോപ്പിൽ കൂടുകൂട്ടിയിരുന്ന കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ പഴണി സമീപത്തെ മിൽ കെട്ടിടത്തിനകത്ത് ഓടിക്കയറി. കടന്നൽക്കൂട്ടം മിൽ കെട്ടിടത്തിനകത്തും കടന്ന് ആക്രമിക്കുന്നത് തുടർന്നു. സമീപവാസികൾ കെട്ടിടത്തിനകത്തെത്തി കടന്നൽക്കൂട്ടത്തെ അകറ്റി പഴണിയെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കറുപ്പേഷ് (60), കിട്ടു (64), സതീഷ് (47), സുന്ദരൻ (64) എന്നിവർക്കും കുത്തേറ്റു. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ പഴണിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന് തൂറ്റിപ്പാടം വാതകശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: രുക്മിണി. മക്കൾ: ലീല, ഗുരുവായൂരപ്പൻ, ലത, ശ്യാമള, കുമാരി.