തച്ചമ്പാറ: കാണാതായ ഗൃഹനാഥനെ കാഞ്ഞിരപ്പുഴ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചമ്പാറ ആലാറം പടി പുലകുന്നിൽ സുരേഷ് കുമാറിന്റെ (49) മൃതദേഹമാണ് ഉഴുന്ന്പറമ്പ് ഭാഗത്ത് കനാലിന്നരികെയുള്ള വള്ളി പടർപ്പിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഷീറ്റ് അടിക്കാൻ റബർ തോട്ടത്തിൽ പോയതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും കാണാതായതോടെ വീട്ടുകാരും പരിസരവാസികളും തോട്ടത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടിരുന്നില്ല. തുടർന്ന് വീട്ടുകാർ കല്ലടിക്കോട് പൊലീസിൽ പരാതി നൽകി. സാധാരണ കനാലിലിറങ്ങി കുളിച്ച ശേഷമാണ് വീട്ടിലെത്താറെന്ന് പൊലീസ് പറഞ്ഞു. കല്ലടിക്കോട് പൊലീസും അഗ്നി രക്ഷ സേനയും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മണ്ണാർക്കാട് താലൂക്കാശുപത്രിയിലെത്തിച്ചു. കനാലിൽ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഓട്ടോഡ്രൈവറായ സുരേഷ് മറ്റ് ജോലികൾക്കും പോവാറുണ്ട്. മാതാവ്: കമലം. ഭാര്യ: ഷീബ. മക്കൾ: അമൽ, അമൃത. സഹോദരങ്ങൾ: ഗിരീഷ്, രാജേഷ്, അംബിക, ഗിരിജ.