കല്ലടിക്കോട്: കൂടിളകിവന്ന തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ റബർ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. കരിമ്പ ഇടക്കുറുശ്ശി തമ്പുരാൻചോല പറപ്പള്ളി വീട്ടിൽ രാജപ്പൻ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 7.30ഓടെ മരുതുംകാട് തേനമല എസ്റ്റേറ്റിലായിരുന്നു സംഭവം. ടാപ്പിങ് നടത്തിയിരുന്നവരെ തേനീച്ചക്കൂട്ടം ആക്രമിക്കുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന തൊഴിലാളി പറഞ്ഞു. തലക്കും മറ്റു ശരീരഭാഗങ്ങളിലും കുത്തേറ്റ് അബോധാവസ്ഥയിലായ രാജപ്പനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപ്പനോടൊപ്പമുണ്ടായിരുന്ന കരിമ്പ പുതുക്കാട് സ്വദേശിയായ മുണ്ടപ്ലാമൂട്ടിൽ എം.ജി. ജോഷിക്കും (40) കുത്തേറ്റു. ജോഷിയുടെ പരിക്ക് സാരമുള്ളതല്ല. കല്ലടിക്കോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി കരിമ്പയിലെ വാടകവീട്ടിലെത്തിച്ചു. ഭാര്യ: അശോകകുമാരി. മക്കൾ: രാജീവ്, രമ്യ. മരുമക്കൾ: രജിന, ഹരി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.