ഗൂഡല്ലൂർ: ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തുറപ്പള്ളിക്ക് സമീപമുള്ള അള്ളൂർ ആദിവാസി കോളനിയിലെ കറുമ്പൻ (75) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വീട്ടിൽനിന്ന് ടൗണിലേക്ക് വരവെ മുളങ്കൂട്ടത്തിന് സമീപം മൂത്രമൊഴിക്കാൻ ഇരുന്നതായിരുന്നു കറുമ്പൻ. റോഡോരത്തെ കാട് കാരണം മുളങ്കൂട്ടത്തിന് സമീപം ആന നിന്നത് ഇയാൾ കണ്ടിരുന്നില്ല. പെട്ടെന്ന് ആന കറുമ്പനെ ആക്രമിക്കുകയായിരുന്നു. ഇദ്ദേഹം തൽക്ഷണം മരിച്ചു. കറുമ്പന്റെ കുടുംബത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജനം മൃതദേഹം മാറ്റാൻ അനുവദിക്കാതെ ഉപരോധിച്ചു. ഭാര്യ: പരേതയായ കുറിഞ്ചി. അഞ്ച് മക്കളുണ്ട്.