കല്ലടിക്കോട്: ടിപ്പർ തട്ടി വിദ്യാർഥി മരിച്ചു. പുലാപ്പറ്റ കോണിക്കഴി കിഴക്കേ ചേല ഉണ്ണികൃഷ്ണൻ എന്ന പൊന്നുവിന്റെയും ഷീജയുടെയും മകൻ അശ്വിനാണ് (18) മരിച്ചത്. കല്ലടിക്കോട്-പുലാപ്പറ്റ റോഡിൽ കാഞ്ഞിരാനിക്കുസമീപം ചൂരക്കോടാണ് അപകടം. ശനിയാഴ്ച ഉച്ചക്ക് 1.50നാണ് സംഭവം. കോണിക്കഴി ഭാഗത്തുനിന്നുവരുന്ന ടിപ്പറും എതിരെവന്ന ബൈക്ക് യാത്രികരുമാണ് അപകടത്തിൽപെട്ടത്. ടിപ്പർ കാറിനെ മറികടന്നപ്പോൾ ബൈക്ക് നിർത്തുന്നതിനിടയിൽ രണ്ട് യാത്രക്കാരും ഇരുവശങ്ങളിലേക്ക് വീണു. ഈ സമയത്ത് വലത് വശത്തേക്ക് വീണ അശ്വിന്റെ തലയിൽ ടിപ്പർ കയറുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന കോണിക്കഴി കിഴക്കേ ചോല മണികണ്ഠൻ മകൻ ജിതേഷിന് (28) പരിക്കേറ്റു. ഇയാൾ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സാരമായി പരിക്കേറ്റ വിദ്യാർഥി സംഭവസ്ഥലത്ത് തന്നെമരിച്ചു. രണ്ടുപേരും മണ്ണാർക്കാട്ടെ ഓട്ടോ ഷോറൂമിൽനിന്ന് മടങ്ങുന്ന വഴിയിലാണ് സംഭവം. അശ്വിൻ പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ ലിഫ്റ്റ് ഓപറേറ്റർ കോഴ്സിന് പഠിക്കുകയാണ്. സഹോദരി: ആവിഷ്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ. ഞായറാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും. അമിത വേഗതയിൽ വാഹനം ഓടിച്ചിരുന്നതിന് ടിപ്പർ ഡ്രൈവർക്കെതിരെ കല്ലടിക്കോട് പൊലീസ് കേസെടുത്തു.