വടക്കഞ്ചേരി: ആയക്കാട് സ്കൂളിന് സമീപം കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. വടക്കഞ്ചേരി പഴയചന്തപ്പുര അത്തറിന്റെ മകൻ അബ്ദുൽ ഹക്കീമാണ് (48) മരിച്ചത്. 'ഓട്ടോ യാത്രക്കാരും കണ്ണമ്പ്ര ഹരിദാസന്റെ മക്കളുമായ ആദർശ് രാജ് (15), ആദിദേവ് (10), ഹരിദാസന്റെ സഹോദരി കൊല്ലങ്കോട് സ്വദേശി വാസന്തി (65) എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. വടക്കഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറായ അബ്ദുൽ ഹക്കീം കണ്ണമ്പ്രയിലേക്ക് ഓട്ടം പോകുന്നതിനിടെ ആയക്കാട് സ്കൂൾ കഴിഞ്ഞുള്ള പാടത്ത് കാട്ടുപന്നി കുറുകെ ചാടുകയായിരുന്നു. പന്നി ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന് ഓട്ടോ മറിഞ്ഞതാണ് അപകടകാരണം. പരിക്കേറ്റവരെ ഉടൻ വടക്കഞ്ചേരിയിലെ നായനാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ ഹക്കീമിനെ രക്ഷിക്കാനായില്ല. മറ്റ് മൂന്ന് പേരുടെയും പരിക്ക് നിസ്സാരമാണ്. അബ്ദുൽ ഹക്കീമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വടക്കഞ്ചേരി മുഹ്യദ്ദീൻ ഹനഫി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ശരീഫ. ഭാര്യ: ഹബീബ. മക്കൾ: ഫർസാന, നിസാർ, ആദിൽ. മരുമകൻ: ഷക്കീർ.