മാനന്തവാടി: തലപ്പുഴ ഗോദാവരി കോളനിയിലെ കോട്ടക്കുന്നിൽ ഉത്സവം കാണാനെത്തിയ യുവാവ് കിണറ്റിൽ വീണ് മരിച്ചു. പിലാക്കാവ് വട്ടർകുന്ന് പുതുചിറകുഴിയിൽ ജോണിയുടെയും ലില്ലിയുടെയും മകൻ ജോബിഷാണ് (24) മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ച ഒരു മണിയോടെയാണ് സംഭവം. ജോബിഷ് സുഹൃത്തുക്കളോടൊപ്പം ഗാനമേള കാണാൻ പോയതായിരുന്നു.
ഗാനമേളക്കിടെ പ്രശ്നങ്ങളുണ്ടായതോടെ എല്ലാവരും പല വഴിക്കായി ഓടി. തുടർന്ന് ജോബിഷിനെ കാണാതായതോടെ കൂടെയുണ്ടായിരുന്നവർ ഫോൺ വിളിച്ച് നോക്കിയെങ്കിലും കിട്ടിയില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ക്ഷേത്രവഴിക്കു സമീപം ആൾമറയില്ലാത്ത കിണറ്റിനുള്ളിൽ ജോബിഷിനെ കണ്ടെത്തുകയായിരുന്നു. ഉടനെ പൊലീസിനെയും അഗ്നിരക്ഷസേനയെയും വിവരമറിയിച്ചു. അവരെത്തി ജോബിഷിനെ പുറത്തെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരൻ: റോബിൻ.