മുണ്ടൂർ: കടക്കെണി മൂലം ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. അകത്തേത്തറ പാറക്കൽ നാരായണന്റെ ഭാര്യ പത്മാവതിയാണ് (55) ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടുകാർ പറയുന്നതിങ്ങനെ: എട്ടുവർഷം മുമ്പ് വീടുപണിക്കായി അകത്തേത്തറ സഹകരണ ബാങ്കിൽനിന്ന് നാല് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഏകദേശം ഒരുലക്ഷം തിരിച്ചടച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ കുടിശ്ശിക ഇനത്തിൽ 17 ലക്ഷം തിരിച്ചടക്കണമെന്നാ വശ്യപ്പെട്ട് ബാങ്ക് കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് അദാലത്തിൽ വീട്ടുകാർ പങ്കെടുത്തു. തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ഒരാഴ്ചക്കകം തിരിച്ചടക്കണമെന്നായിരുന്നു നിർദേശം. ഇക്കാര്യം നാരായണൻ ഭാര്യയെ അറിയിച്ചതുമുതൽ പത്മാവതി നിരാശയിലായി. ഇതിനുപുറമെ പത്മാവതിയുടെ മകന് അരുണൻ മാസ തവണവ്യവസ്ഥയിൽ സ്വകാര്യ ഫിനാൻസ് വഴി ഫോണ്‍ വാങ്ങിയതിന്റെ തിരിച്ചടവും മുടങ്ങി. പത്മാവതിയുടെ ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വെച്ചാണ് ഫോണ്‍ വായ്പക്ക് എടുത്തത്. തിരിച്ചടവ് മുടങ്ങിയതോടെ ഫിനാന്‍സ് കമ്പനിയിലെ ജീവനക്കാരി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പത്മാവതിയുടെ കുടുംബം ഹേമാംബിക നഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 2014 രൂപ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ഫിനാന്‍സ് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നത്. ഫിനാന്‍സ് കമ്പനി ജീവനക്കാരി ഭീഷണിയുമായി വീട്ടില്‍ തുടര്‍ന്നതോടെ പത്മാവതി ശൗചാലയത്തില്‍ തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. വീട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നാലുദിവസം ചികിത്സയില്‍ കഴിഞ്ഞശേഷം മരിച്ചു.
മാതാവിന്റെ രേഖകൾ ഉപയോഗിച്ച് മകൻ ഒന്നിലധികം കമ്പനികളിൽനിന്ന് പല ആവശ്യങ്ങൾക്ക് പണം വായ്പയെടുത്തതായി പൊലീസ് പറഞ്ഞു.
അരുണിനെ കൂടാതെ വിനോദ്, നിഷാന്ത് എന്ന മണികണ്ഠൻ എന്നിവർ മക്കളാണ്.