ആനക്കര: കുമരനല്ലൂർ വെള്ളാളൂർ ചിറക്കപറമ്പിൽ പരമേശ്വരന്റെയും ലക്ഷ്മിയുടെയും മകൻ സത്യൻ (51) മിനി ലോറി ഇടിച്ച് മരിച്ചു. ചികിത്സയിലിരിക്കെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ ഷിനിക്ക് (41) നിസ്സാര പരിക്കേറ്റു. പടിഞ്ഞാറങ്ങാടി തൃത്താല റോഡിൽ ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം. ഇരുവരും നടന്നുപോകുന്നതിനിടെ പാലക്കാട്ടുനിന്ന് ആയുർവേദ മരുന്നുകളുമായി എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയാണ് ഇടിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ സത്യനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. വിദേശത്തു നിന്ന് ഒരാഴ്ച മുമ്പാണ് സത്യന് നാട്ടിലെത്തിയത്. തൃത്താല പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: നന്ദന, ആദിത്യൻ.