പാലക്കാട്/ഒറ്റപ്പാലം/വടക്കഞ്ചേരി: നെന്മാറ വല്ലങ്ങി വേലക്ക് എത്തിയ മൂന്നുപേർ വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചു. കണ്ണാടിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന കുറുവങ്ങാട് പുത്തൻ വീട്ടിൽ വിജയന്റെ മകൻ സജീവ് (35) ആണ് മരിച്ചത്. നെന്മാറ വല്ലങ്ങി വേല കാണാന്‍ കൂട്ടുകാരന് അജിലുമായി ബൈക്കില്‍ വന്നതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ച മൂന്നോടെ കണ്ണാടിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കിനു പിറകില്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അജിൽ ഗുരുതര പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സജീവ് ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ലാബ് അസിസ്റ്റന്റാണ്. ഭാര്യ: കൃഷ്ണേന്ദു. മക്കൾ: ഭദ്ര, രുദ്ര. സഹോദരങ്ങൾ: സഞ്ജയൻ, സജിത്ത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ വാണിയംകുളം കോതകുർശ്ശി റോഡിന് സമീപമുണ്ടായ അപകടത്തിൽ നെന്മാറ വല്ലങ്ങി വേല കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികൻ വിളയൂർ കരിങ്ങനാട് പൂക്കാടൻ കുന്നിൽ നീളൻതൊടി വീട്ടിൽ സതീഷ് (46) ആണ് മരിച്ചത്. സഹയാത്രക്കാരായ ഏഴുപേർക്ക് പരിക്കേറ്റു. മരിച്ച സതീഷിന്റെ മകൻ സിനോവ് (13), ബന്ധുവായ പൊന്നാനി കുട്ടത്ത് വീട്ടിൽ ബിനീഷ് (42), സഹോദരങ്ങളായ പൊന്നാനി പള്ളപ്പുറം വള്ളിക്കാട്ടിൽ സന്ദീപ് (30) , സവീഷ് (34), ഇവരുടെ ബന്ധുവായ സതീഷ് (40), മുളക്കയ്ക്കൽ വീട്ടിൽ ജിനോയ്(38), തിരുവേഗപ്പുറ കരിങ്ങനാട് തേലമഠത്തിൽ ഗോകുൽ (14) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊപ്പം, പൊന്നാനി സ്വദേശികളായ എട്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. സതീഷ് ആശുപത്രിയിലെത്തും മുമ്പേ മരിച്ചിരുന്നു. രമാദേവിയാണ് മരിച്ച സതീഷിന്റെ ഭാര്യ. മറ്റു മക്കൾ: സൂര്യ, സോന. ദേശീയപാതയിൽ പന്തലാംപാടം പെട്രോൾ പമ്പിന് എതിർവശത്ത് നിർത്തിയിട്ട െട്രയിലറിനു പിന്നിൽ കാറിടിച്ച് കാറിലുണ്ടായിരുന്ന എറണാകുളം രാമമംഗലം സ്വദേശി കിഴുമുറി പാടത്ത് പൗലോസിന്റെ മകന് ജോർജ് കുട്ടി പോള്‍ (65) ആണ് മരിച്ചത്. കാറോടിച്ച സജിന്‍ (46) പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ആറരയോടെയാണ് അപകടം. തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ദേശീയപാതക്കരികെ നിർത്തിയിട്ടിരുന്ന ട്രെയിലറിനു പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും ഹൈവേ പൊലീസും കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരെയും തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജോർജ് കുട്ടി പോള്‍ മരിച്ചു. കേരള കോണ്‍ഗ്രസ് (ജോസഫ്) ജില്ല സെക്രട്ടറിയും രാമമംഗലം പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും പാമ്പാക്കുള ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ് മരിച്ച ജോർജ് കുട്ടി പോൾ. ഭാര്യ: അനു. മക്കള്‍: അമല്‍, വിമല്‍. മരുമകള്‍: ജെനിഫര്‍.