എടക്കര: വിഷുദിനത്തില്‍ ഉപ്പട സുല്‍ത്താന്‍പടിയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. പോത്തുകല്ല് കുട്ടംകുളം പള്ളിക്കത്തൊടി കുട്ടന്റെ ഭാര്യ ലക്ഷ്മിയാണ് (74) മരിച്ചത്. ഭര്‍ത്താവ് കുട്ടന് അപകട സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. നിലമ്പൂരില്‍ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് കുട്ടംകുളത്തെ വീട്ടിലേക്ക് മടങ്ങവെയാണ് സുല്‍ത്താന്‍പടി എസ്.സി കോളനിക്ക് സമീപം മകൻ മുരളീധരൻ ഓടിച്ച കാർ അപകടത്തില്‍പെട്ടത്. സാരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നു. മകള്‍ ശ്രിനിമോള് (45), മകന്റ ഭാര്യ പ്രീതി (40), ഇവരുടെ മകള്‍ അഞ്ജലി (16) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ അഞ്ജലി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രീതി, ശ്രീനിമോള്‍ എന്നിവര്‍ നിലമ്പൂര്‍ ജില്ല ആശുപത്രിയിലും ചികിത്സ തേടി. മറ്റു മക്കൾ: രാമാനുജന്, വിശ്വനാഥന് (പോത്തുകല്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് സഹകരണ സംഘം സെക്രട്ടറി), ഗീതാ കുമാരി. മറ്റു മരുമക്കൾ: ഉമാദേവി, പ്രദീപ് കുമാര്‍, റീജ.