ഓയൂർ: യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൂയപ്പള്ളി മൈലോട് നെല്ലിപ്പറമ്പ് അജി വിലാസത്തിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അജികുമാർ (39) ആണ് മരിച്ചത്. പൊലീസ് കസ്റ്റഡിയിലെടുത്ത് ജാമ്യത്തിലിറങ്ങി മണിക്കൂറുകൾക്കകമാണ് യുവാവ് തൂങ്ങി മരിച്ചത്. ഭാര്യയുടെയും സുഹൃത്തുക്കളുടെയും പീഡനം കാരണമാണെന്നും പൊലീസ് ക്രൂരമായി മർദിച്ചതായും പരാതിയിൽ പറയുന്നു.
റബർ ടാപ്പിങ് തൊഴിലാളിയായ അജികുമാർ വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് എഴുന്നേൽക്കാത്തതിനാൽ കതക് ചവിട്ടിപ്പൊളിച്ചപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂയപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഭാര്യ: ശാലിനി. മക്കൾ: അപർണ, അതുൽ.
ബന്ധുക്കളുടെ പരാതി ഇങ്ങനെ: കൊട്ടാരക്കര ചന്തമുക്കിന് സമീപമുള്ള ബ്യൂട്ടി പാർലറിൽ ജീവനക്കാരിയാണ് ശാലിനി. അജിയെ അറിയിക്കാതെ ശാലിനിയെ ഗൾഫിലേക്ക് വിടാൻ സുഹൃത്തായ ലക്ഷ്മി ശ്രമിച്ചത് കുടുംബവഴക്കിന് കാരണമായി. ബുധനാഴ്ച ശാലിനിയെ ജോലിക്ക് വിട്ടില്ല. ഉച്ചക്ക് പന്ത്രണ്ടരയോടെ പിങ്ക് പൊലീസ് വീട്ടിലെത്തി ശാലിനിയെയും മക്കളെയും ലക്ഷ്മിയുടെ സ്ഥാപനത്തിലെത്തിച്ചു. അജി ബ്യൂട്ടി പാർലറിലെത്തിയിട്ടും ശാലിനിയെ കാണിക്കാതെ ഇറക്കിവിട്ടു. തുടർന്ന് കൊട്ടാരക്കര പൊലീസിൽ ഏൽപിക്കുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് സി.ഐ ഉൾപ്പെടെ മർദിച്ചതായി അജികുമാർ മാതാപിതാക്കളോട് വെളിപ്പെടുത്തിയതായി റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ പറയുന്നു.
ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പരാതിയിലാണ് ശാലിനിയെയും കുട്ടികളെയും വീട്ടിൽനിന്ന് മാറ്റിയതെന്ന് പൂയപ്പള്ളി ഇൻസ്പെക്ടർ പറഞ്ഞു. കസ്റ്റഡിയിൽ അജികുമാറിനെ മർദിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂയപ്പള്ളി പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.