ഒറ്റപ്പാലം: കൂത്ത്-കൂടിയാട്ട ആചാര്യൻ പി.കെ.ജി. നമ്പ്യാർ (പി.കെ. ഗോവിന്ദൻ നമ്പ്യാർ -93) നിര്യാതനായി. പത്മശ്രീ മണി മാധവ ചാക്യാരുടെ മകനും പത്മശ്രീ പി.കെ. നാരായണൻ നമ്പ്യാരുടെ സഹോദരനുമായ ഇദ്ദേഹത്തിന്റെ അന്ത്യം ചൊവ്വാഴ്ച ഉച്ചക്ക് തൃശൂർ പെരിങ്ങാവിലെ മകളുടെ വസതിയിലായിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ്. കെ.പി.ടി ഹൈസ്കൂളിൽ 36 വർഷം ഹിന്ദി അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. കൂത്ത്, കൂടിയാട്ടം, പാഠകം കലാരൂപങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി.കെ.ജി. നമ്പ്യാർക്ക് യുനെസ്കോ പുരസ്കാരം, കേന്ദ്ര നാടക അക്കാദമി തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മണി മാധവ ചാക്യാർ-ലക്കിടി പടിഞ്ഞാറേ കൊച്ചാമ്പിള്ളി മഠത്തിൽ കുഞ്ഞിമാളു നങ്ങ്യാരമ്മ ദമ്പതികളുടെ മകനായി 1930 ലാണ് ഗോവിന്ദൻ നമ്പ്യാരുടെ ജനനം. 14ം വയസ്സിൽ കലാപഠനത്തിന് തുടക്കം കുറിച്ചു. പിതാവുതന്നെയായിരുന്നു ഗുരു. അധ്യാപകവൃത്തിക്കിടയിലും അച്ഛൻ മണി മാധവ ചാക്യാർക്കൊപ്പം അരനൂറ്റാണ്ടോളം കൂടിയാട്ട അരങ്ങുകളിൽ സാഹനടനായും വിദൂഷകനായും തിളങ്ങി. ഏഴ് വർഷം ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം സെക്രട്ടറിയായിരുന്നു. കൂടിയാട്ടം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി അവതരിപ്പിച്ചതിലൂടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ശ്രദ്ധനേടാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഭാര്യ: രമാദേവി. മക്കൾ: ജ്യോതി, രാജേഷ്. മരുമക്കൾ: മുകുന്ദൻ, ശ്രീലേഖ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.