പട്ടാമ്പി: കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. പട്ടാമ്പി വള്ളൂര്‍ മേലെകുളത്തിലാണ് നാടിനെ നടുക്കിയ സംഭവം. ഞായറാഴ്ച ഉച്ചയോടെ കൂട്ടുകാരോടൊപ്പം മേലെകുളത്തിലിറങ്ങിയ കൊടലൂർ മാങ്കോട്ടിൽ സുബീഷ്-ദീപ ദമ്പതികളുടെ മകൻ അശ്വിൻ (12), വളാഞ്ചേരി പന്നിക്കോട്ടിൽ സുനിൽകുമാറിന്റെ മകൻ അഭിജിത്ത് (13) എന്നിവരാണ് മരിച്ചത്. പത്തോളം കുട്ടികളാണ് കുളത്തിൽ കുളിച്ചുകൊണ്ടിരുന്നത്. ഇതിൽ അശ്വിനെയും അഭിജിത്തിനെയും കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അശ്വിൻ പട്ടാമ്പി സെന്റ് പോൾസ് ഇഗ്ലീഷ് മീഡിയം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയും അഭിജിത് പട്ടാമ്പി ഗവ: ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ഇരുവരുടെയും കുടുംബങ്ങൾ വാടക വീട്ടിലാണ് താമസിക്കുന്നത്. മൃതദേഹങ്ങൾ പട്ടാമ്പി ആശുപത്രി മോർച്ചറിയിൽ.