എടവണ്ണ: പാവണ്ണ കടവിൽ കൂട്ടുകാരോടൊത്ത് ചാലിയാറിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. പാവണ്ണ കാഞ്ഞിരപ്പാറ വീട്ടിൽ അബ്ദുറഷീദ് ഫൈസി-സുബൈദ ദമ്പതികളുടെ മകൻ മുഹമ്മദ് ഫസൽ (20) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് നാട്ടുകാർ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. എടപ്പാൾ അയിലക്കാട് ശൈഖ് സഈദ് ഇസ്ലാമിക് ആൻഡ് ആർട്സ് കോളജിൽ അഞ്ചാം വർഷ വിദ്യാർഥിയാണ്. സഹോദരി: ഫാത്തിമ സുൽത്താന. പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച പാവണ്ണ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.