കടയ്ക്കൽ: നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. ചിതറ കല്ലുവെട്ടാംകുഴി ഇരപ്പിൽ ചരുവിള വീട്ടിൽ നിസാമിന്റെയും റസീനയുടെയും മകൻ അഫ്സൽ (17), ഇരപ്പിൽ ‘മർഹബ’യിൽ സിറാജുദ്ദീന്റെയും സീനത്ത് ബീവിയുടെയും മകൻ മുഹമ്മദ് സുബി (19) എന്നിവരാണ് മരിച്ചത്. നിലമേൽ എം.എം.എച്ച്.എസിൽനിന്ന് അഫ്സൽ പ്ലസ് ടു കഴിഞ്ഞിരുന്നു. പാങ്ങോട് മന്നാനിയ്യ കോളജിലെ ഒന്നാം വർഷ ട്രാവൽ ആൻഡ് ടൂറിസം ബിരുദ വിദ്യാർഥിയാണ് മുഹമ്മദ്സുബിൻ. ശനിയാഴ്ച വൈകീട്ട് 4.30നായിരുന്നു അപകടം. ഇരപ്പിൽനിന്ന് ചിതറയിലേക്ക് വരുകയായിരുന്നു ഇരുവരും. കല്ലുവെട്ടാംകുഴി ജങ്ഷന് സമീപം ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതിതൂണിലിടിക്കുകയായിരുന്നു. റോഡിലേക്ക് വീണ് തലക്ക് സാരമായി പരിക്കേറ്റ ഇരുവരേയും കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഫ്സൽ മരിച്ചു. മുഹമ്മദ്സുബിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. രണ്ടു മൃതദേഹങ്ങളും കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ. അഫ്സലിന്റെ സഹോദരൻ: നൗഫൽ. മുഹമ്മദ്സുബിന്റെ സഹോദരി: ഫാത്തിമ.