ചിറ്റൂർ: വയോധികരെ ചിറ്റൂർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരുവെമ്പ് പാലത്തുള്ളി മേട്ടുതെരുവ് പരേതനായ അപ്പുവിന്റെ മകൻ സേതുമാധവനെയാണ് (71) കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് പിറകിലായി കുറുക്കൻ കാട്ടിന് സമീപം പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച പോത്തുകളെ മേയ്ക്കാൻ പുഴയോരത്ത് പോയതായിരുന്നു. ഏറെ വൈകിയും കാണാത്തതിനാൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ പുഴക്കരികിൽ വസ്ത്രങ്ങൾ കണ്ടെത്തി. തുടർന്ന് നാട്ടുകാർ പൊലീസ്, ചിറ്റൂർ അഗ്നിരക്ഷസേന, സ്കൂബാ ടീം എന്നിവർ പുഴയിൽ രാത്രി 11 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ ആറുമണിയോടെ വസ്ത്രങ്ങൾ കണ്ടെത്തിയ ഭാഗത്ത് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ശാരദ. മക്കൾ: അർജുനൻ, ശിവദാസ്, ഗിരിജ, ഗീത.