അതിരപ്പിള്ളി: അതിരപ്പിള്ളിയിൽ പുഴയിൽ കോയമ്പത്തൂർ സ്വദേശിയായ വിനോദ സഞ്ചാരി മുങ്ങിമരിച്ചു. ചാലക്കുടി പുഴയിലെ വെറ്റിലപ്പാറ ചിക്ലായി കടവിൽ കുളിക്കാൻ ഇറങ്ങിയ കോയമ്പത്തൂർ സുലൂരിലെ അശോകാണ് (37) മരിച്ചത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒന്നോടെയായിരുന്നു അപകടം. കുടുംബസമേതം അതിരപ്പിള്ളിയിൽ വിനോദയാത്രക്ക് എത്തിയതായിരുന്നു അശോക്. തൊട്ടടുത്ത റിസോർട്ടിൽ മുറിയെടുത്ത് താമസിച്ച ശേഷം കുളിക്കാൻ പുഴയിലേക്ക് എത്തിയതാണ്. ഒഴുക്കിൽപെട്ട ഇയാളെ രക്ഷപ്പെടുത്താൻ കൂടെയുണ്ടായിരുന്ന ബന്ധുക്കൾക്ക് സാധിച്ചില്ല. വിവരം അറിഞ്ഞെത്തിയ പരിസരവാസികൾ രക്ഷാപ്രവർത്തനം നടത്തി. ചാലക്കുടിയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേനനടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.