കൊല്ലങ്കോട്: റോഡിലെ കുഴിയിൽ ചാടിയ സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ വീട്ടമ്മ ടിപ്പർ കയറി മരിച്ചു. നെന്മാറ അളുവശേരി വള്ളി സദനത്തിൽ മണികണ്ഠന്റെ ഭാര്യ രമ്യയാണ് (രേവതി -36) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ മംഗലം-ഗോവിന്ദാപുരം അന്തർ സംസ്ഥാന പാതയിൽ എലവഞ്ചേരി കരിങ്കുളം കനറാ ബാങ്ക് ശാഖക്കു സമീപമായിരുന്നു അപകടം. ഭർത്താവിനൊപ്പം കൊഴിഞ്ഞാമ്പാറ ആശുപത്രിയിലുള്ള ബന്ധുവിനെ കാണാൻ പോവുകയായിരുന്നു. പോത്തുണ്ടി കുടിവെള്ള പദ്ധതിക്കായി റോഡിന് കുറുകെ നിർമിച്ച കുഴി ശരിയായി അടക്കാത്തതാണ് അപകട കാരണം. സ്കൂട്ടറിന് പിന്നിൽനിന്ന് റോഡിൽ വീണ രമ്യ ടിപ്പറിന്റെ പിന്നിലെ ചക്രങ്ങൾ കയറി തൽക്ഷണം മരിച്ചു. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. പിതാവ്: ഗോപാലകൃഷ്ണൻ. മാതാവ്: രേണുക. മക്കൾ: ധന്യ ലക്ഷ്മി, ശ്രീഹരി.