ഒറ്റപ്പാലം: പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഒറ്റപ്പാലം നഗരസഭയിലെ ബി.ജെ.പി കൗൺസിലർ കൂടിയായ അഭിഭാഷകൻ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം പാലാട്ട് റോഡ് മനയ്ക്കാംപാട്ട് കമ്മളി കണ്ണഞ്ചേരി വീട്ടിൽ അഡ്വ. കെ. കൃഷ്ണകുമാർ (ഉണ്ണി-60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. പാലാട്ട് റോഡ് ചിന്മയ മിഷനിൽ ഭഗവദ് ഗീതാജ്ഞാനയജ്ഞം പരിപാടിയുടെ ഉദ്ഘാടന പ്രഭാഷണം നിർവഹിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടൻ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഭിഭാഷകനായി ഒറ്റപ്പാലം കോടതിയിൽ 1987ലാണ് ഇദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലാട്ട് റോഡ് വാർഡിൽ നിന്ന് (വാർഡ് 7) 2010ലും 2020ലും ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു. ആർ.എസ്.എസ് താലൂക്ക് സംഘ ചാലകായും ഭാരതീയ വിചാര കേന്ദ്രം സ്ഥാപകനായിരുന്ന പി. പരമേശ്വരനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ബാർ അസോസിയേഷൻ ഭാരവാഹി, ഒറ്റപ്പാലം വേങ്ങേരി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി ഒറ്റപ്പാലം മണ്ഡലം കമ്മിറ്റി അംഗവും ഗണേശ സേവാ സമിതി ഒറ്റപ്പാലം താലൂക്ക് പ്രസിഡൻറുമാണ്. ഭാര്യ: ശ്രീകല. മക്കൾ: പി. ബാലശങ്കർ (ഡൽഹി), അഡ്വ. പി. നന്ദഗോപാൽ. സഹോദരങ്ങൾ: ആരതി (അധ്യാപിക, ഭവൻസ് വിദ്യാലയം എളമക്കര, കൊച്ചി), അരുൺകുമാർ (യു.എസ്.എ).
ബുധനാഴ്ച രാവിലെ രാവിലെ ഒമ്പതുമുതൽ 10 വരെ മൃതദേഹം നഗരസഭയിൽ പൊതുദർശനത്തിന് വെക്കും. 11ന് പാമ്പാടിയിലെ ഐവർമഠം ശ്മശാനത്തിൽ സംസ്കരിക്കും