കൂറ്റനാട്: തിരുമിറ്റകോട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുമിറ്റകോട് പള്ളിപാടം മന പി.എം. രാജേഷിനെയാണ് (49) തറവാട് വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. നിലവിൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് അംഗമാണ്. 2010 -15 കാലയളവിലായിരുന്നു തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചത്. സാമ്പത്തിക പരാധീനതയിലുള്ള മനോവിഷമമാണ് മരണകാരണമെന്ന് പറയുന്നു. യു.ഡി.എഫ് ഭരണകാലത്ത് തൃത്താല മേഖലയിലുണ്ടായിരുന്ന പ്രിയദര്‍ശിനി ബാങ്കിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. നിക്ഷേപകരില്‍ പലര്‍ക്കും പണം ലഭിക്കാതായതോടെ സഹകരണ വകുപ്പിന് പരാതി നൽകുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്രമകേട് കണ്ടെത്തി തുക തിരിച്ചടക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഒരുവര്‍ഷമായി ഇതുമായുള്ള പ്രശ്നം അലട്ടികൊണ്ടിരിക്കുകയായിരുന്നുവെന്ന് പറയുന്നു. തൃത്താല ബാങ്കിലുണ്ടായിരുന്ന സ്വന്തം വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഭൂമി വിറ്റ് ഇടപാട് തീര്‍ത്തിരുന്നു. ചാലിശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: രാജശ്രീ. മക്കൾ: യദുകൃഷ്ണ, ദേവദത്തന്.