പട്ടാമ്പി: മീൻ പിടിക്കാൻ വീട്ടിൽ നിന്നിറങ്ങിയയാൾ ഷോക്കേറ്റ് മരിച്ചു. വല്ലപ്പുഴ ചെറുകോട് ചോലയിൽ ശ്രീകുമാറിനെ (48) ആണ് വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഓവുങ്ങൽ തോട് പാടത്ത് ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്ന് മീൻ പിടിക്കാനിറങ്ങിയ ഇയാൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യവ്യക്തി പച്ചക്കറി കൃഷി ചെയ്യുന്ന പാടത്ത് പന്നികളെ തുരത്താനായി വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ട്. ഇതിൽനിന്ന് ഷോക്കേറ്റതാവാം മരണകാരണമെന്ന് കരുതുന്നു. ശ്രീകുമാറിന്റെ കാലിൽ ചുറ്റിയ വൈദ്യുതി കമ്പിയാണ് സംശയം ബലപ്പെടുത്തുന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം വൈകീട്ടോടെ പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരേതനായ ചെറിയ കുഞ്ഞന്റെയും കോച്ചിയുടെയും മകനാണ്. ഭാര്യ: റീജ. മക്കൾ: ശ്രീജിനി, ശ്രീനിഷ, സ്നേഹ.