ഒറ്റപ്പാലം: മായന്നൂർ പാലം പരിസരത്ത് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ചനിലയിൽ നേപ്പാളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി. പഞ്ചംഗ് ജില്ലയിൽ കാഫൽശ്ശേരി സുനാദേവി ജാഗ്രിയാണ് (35) മരിച്ചത്. പുഴയിൽ ഒഴുകിവരുന്നതായി കണ്ടെത്തിയ നാട്ടുകാരാണ് പാലം പരിസരത്തെ വെള്ളത്തിൽനിന്ന് മൃതദേഹം കരക്ക് കയറ്റിയത്. മായന്നൂരിന് സമീപം ഭാരതപ്പുഴയും കൈവഴിയായ ഗായത്രിപ്പുഴയും സംഗമിക്കുന്ന പ്രദേശത്തെ കടവിൽ തിങ്കളാഴ്ച രാവിലെ ഒഴുക്കിൽപെട്ടതാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. അലക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപെട്ടതാകാമെന്നാണ് നിഗമനം. ഇവരുടെ വസ്ത്രങ്ങളും മറ്റും കരയിൽനിന്ന് കണ്ടെത്തിയിരുന്നു. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭർത്താവ് ലോകേന്ദ്ര ബഹാദൂറിനൊപ്പം ജാഗ്രിയും മായന്നൂരിലെ സ്വകാര്യഫാമിൽ ജോലിചെയ്തുവരുകയായിരുന്നു. ഏഴുമാസം മുമ്പാണ് ഇവർ ജോലിക്ക് ഫാമിലെത്തിയത്.