ആലത്തൂർ: കുട്ടികൾക്കൊപ്പം കുളിക്കാൻ പോയ എട്ടാം ക്ലാസ് വിദ്യാർഥി ജലാശയത്തിൽ മുങ്ങിമരിച്ച നിലയിൽ. ഇരട്ടക്കുളം പള്ളിക്കുളം കളരിക്കൽ വീട്ടിൽ ശിവകുമാറിന്റെ മകൻ നിധൻ കൃഷ്ണയാണ് (അച്ചു -14) മരിച്ചത്. തെന്നിലാപുരത്തെ അയ്യപ്പൻകുടം ഡാം ജലാശയത്തിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവമെന്ന് കരുതുന്നു. ആലത്തൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തി മൂന്ന് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്മോർട്ടം നടപടികൾ ഞായറാഴ്ച രാവിലെ നടക്കും. സ്കൂൾ ഇല്ലാത്തതിനാൽ കുട്ടികൾ ഒരുമിച്ച് കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞശേഷം കുളിക്കാനിറങ്ങിയപ്പോൾ അപകടം സംഭവിച്ചതായാണ് പറയുന്നത്. കാവശ്ശേരി കെ.സി.പി ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സുജി. സഹോദരൻ: നികേഷ് കൃഷ്ണ (ഏഴാം ക്ലാസ് വിദ്യാർഥി, കാവശ്ശേരി കെ.സി.പി.എച്ച്.എസ്.എസ്).
അഗ്നിരക്ഷ നിലയം അസി. സ്റ്റേഷൻ ഓഫിസർ സി. നാരായണന്റെ നേതൃത്വത്തിൽ കെ. സുരേഷ് കുമാർ, ജി. ദേവപ്രകാശ്, വി. ദിലീഷ്, കെ. രജീഷ്, കെ.എം. സുജീഷ്, ആർ. അജീഷ്, ആർ. കൃഷ്ണദാസ്, എ. അനീഷ്, എസ്. സുഭാഷ് എന്നിവർ നടത്തിയ തിരച്ചിലിലാണ് ചേറിൽ കുടുങ്ങിക്കിടന്ന കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.