പെരിന്തൽമണ്ണ: മനഴി ബസ് സ്റ്റാൻഡിന് മുന്നിൽ ലോറിയുടെ പിറകിൽ മിനി ലോറിയിടിച്ച് തൊഴിലാളി തൽക്ഷണം മരിച്ചു. മിനി ലോറി ക്ലീനർ തമിഴ്നാട് തിരുപ്പൂർ സ്വദേശി കാരാടി വാവി കൃഷ്ണ നഗറിൽ പെരുമാളാണ് (50) മരിച്ചത്. മിനി ലോറി ഡ്രൈവർ ഈരോട് കനകം പാളയം സ്വദേശി പാർത്ഥിപനെ (51) ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച 2.10നാണ് അപകടം. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന മിനി ലോറി, നിർത്തിയിടാൻ ശ്രമിക്കുകയായിരുന്ന ലോറിയൂടെ പിറകിലടിക്കുകയായിരുന്നു. മിനിലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെയും ക്ലീനറെയും പെരിന്തൽമണ്ണ അഗ്നി രക്ഷാസേനയെത്തി കാബിൻ വീട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പുറത്തെടുത്തപ്പോഴേക്കും ക്ലീനർ മരിച്ചിരുന്നു. തമിഴ്നാട് രജിസ്ട്രേഷൻ ഉള്ളതാണ് രണ്ടു ലോറികളും. പെരിന്തൽമണ്ണ അഗ്നിരക്ഷ നിലയത്തിലെ അസി. സ്റ്റേഷൻ ഓഫിസർ പി. സജുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.വി. ഷിജിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.ടി. രാജേഷ്, ആർ. രഞ്ജിത്ത്, കെ. സുജിത്ത്, പി.ടി. അനീഷ്, ഹോം ഗാർഡുമാരായ സുബ്രഹ്മണ്യൻ, ബാബുരാജ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.