എടവണ്ണ: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിൽ വടശ്ശേരി വളവിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് വഴിക്കടവ് മണിമൂളി സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു. കാരേങ്ങൽ വീട്ടിൽ യൂനുസ് സലാമാണ് (42) മരിച്ചത്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.റോഡിൽ തളംകെട്ടിയ വെള്ളക്കെട്ടിൽ ഓട്ടോ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സലാം ഓട്ടോയുടെ അടിയിൽപെട്ട് വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാർ സലാമിനെ ഓട്ടോയുടെ അടിയിൽനിന്ന് രക്ഷപ്പെടുത്തി അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.മണിമൂളി സ്വദേശികളായ ചക്കരത്തൊടിയിൽ ഉബൈദ് (50), സഹോദരി സലീന എന്നിവരാണ് ഓട്ടോയിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. സലീനയെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. ഇരുവർക്കും കാര്യമായി പരിക്കില്ല. അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽനിന്ന് പിന്നീട് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ സലാമിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുകൾക്ക് വിട്ടുനൽകി.ഭാര്യ: ജസീല. മക്കൾ: മിഥിലാജ്, റിഫ. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മണിമൂളി വരക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. അപകടം സംഭവിച്ച സ്ഥലത്ത് റോഡ് നവീകരണം നടത്തിയത് അശാസ്ത്രീയമാണെന്ന് ആരോപിച്ച് വടശ്ശേരി വളവിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു. മുമ്പും ഇവിടെ നിരവധി അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.