മഞ്ചേരി: ആനക്കയം പെരിമ്പലത്ത് കടലുണ്ടിപ്പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് വിദ്യാർഥി മരിച്ചു. മമ്പാട് സ്വദേശി മൂർക്കൻവീട്ടിൽ അബ്ദുല്ല കുട്ടിയുടെ മകൻ മുഹമ്മദ് ഷിഹാനാണ് (20) മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുടുംബത്തിനൊപ്പം ഉമ്മയുടെ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു. ഉച്ചക്ക് മൂന്നരക്ക് ശേഷമാണ് പള്ളിപ്പടിക്കടവിലെ പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ വഴുതിവീണു. നീന്തലറിയാത്ത ഷിഹാനെ കൂടെയുണ്ടായിരുന്ന സഹോദരങ്ങൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്കിൽപ്പെട്ട് കാണാതാവുകയായിരുന്നു. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും മഞ്ചേരിയിൽനിന്നെത്തിയ അഗ്നിരക്ഷ സേനയും നടത്തിയ തിരച്ചിലിനൊടുവിലാണ് ഷിഹാനെ കണ്ടെത്തിയത്. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മഞ്ചേരി ഏറനാട് നോളജ് സിറ്റി കോളജിലെ ബി.ടെക് വിദ്യാർഥിയാണ്. മാതാവ്: സൗദാബി. സഹോദരങ്ങൾ: റോഷൻ, ജെബിൻ ഫർഹാന. ആനക്കയത്ത് രണ്ട് ദിവസത്തിനിടെ രണ്ടാമത്തെ മുങ്ങിമരണമാണുണ്ടായത്. വ്യാഴാഴ്ച പാണ്ടിക്കാട് സ്വദേശിയായ യുവാവാണ് മരിച്ചത്.