കല്ലടിക്കോട്: വന്യമൃഗങ്ങളെ തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽനിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കാരാകുർശി പുല്ലിശ്ശേരി സ്രാമ്പിക്കൽ വീട്ടിൽ ഹംസപ്പയാണ് (50) മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കാരാകുർശ്ശി വലിയട്ടയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ അടക്ക പറിക്കാൻ വന്നതായിരുന്നു. ഈ തോട്ടത്തിലെ അടക്ക കരാർ എടുത്തത് ഹംസപ്പയാണ്. പന്നിയെ തുരത്താനാണ് ഇവിടെ വൈദ്യുതി വേലി സ്ഥാപിച്ചതെന്നാണ് സൂചന. അടക്ക പെറുക്കുന്നതിനിടെയാണ് അപകടം. ഷോക്കേറ്റ ഉടൻ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹംസപ്പ അടക്ക വാങ്ങി വിൽക്കുന്നതിന് പുറമെ ചുമട്ടുതൊഴിലും ചെയ്തിരുന്നു. ഭാര്യ: ആയിഷ. മക്കൾ: അബ്ദുല്ലക്കുട്ടി, നൗഫൽ, ഖമറുന്നീസ, ഷറഫുന്നീസ. കല്ലടിക്കോട് പൊലീസ് കേസെടുത്തു. തോട്ടം പാട്ടത്തിനെടുത്താണ് കൃഷി ഇറക്കിയിരുന്നതെന്നും സ്ഥലം മേൽനോട്ടക്കാരനെ കസ്റ്റഡിയിലെടുത്തതായും എസ്.എച്ച്.ഒ ശിവശങ്കരൻ അറിയിച്ചു.