കൊടകര: കുറുമാലിപ്പുഴയിലെ ആറ്റപ്പിള്ളി കടവില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കാര്യങ്ങാട്ടില്‍ സദാനന്ദന്റെ മകന് അജിത്താണ് (31) മരിച്ചത്. കാണാതായതിന്റെ ഒരു കിലോമീറ്ററോളം താഴെ പന്തല്ലൂര്‍ കോഞ്ചാന്‍ കടവില്‍ ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി ആറ്റപ്പിള്ളി പുഴയോരത്തെ പമ്പ്ഹൗസ് കടവില്‍ കൂട്ടുകാര്‍ക്കൊപ്പം ഒത്തുകൂടിയ അജിത്തിനെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാര്‍ കൊടകര പൊലീസില്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാറും ചെരിപ്പുകളും മറ്റും പുഴയോരത്ത് കണ്ടെത്തിയിരുന്നു. ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളില്‍നിന്നുള്ള അഗ്നിരക്ഷസേനയും സ്കൂബ ഡൈവേഴ്സും ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകീട്ടുവരെ തിരച്ചില്‍ നടത്തി. ബുധനാഴ്ച രാവിലെ ടീം കമാന്‍ഡര്‍ അരുണ്‍കുമാര്‍ ചൗഹാന്റെ നേതൃത്വത്തില്‍ തൃശൂരില്‍നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും തിരച്ചിലിനെത്തി. ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്. സിനോജ്, കൊടകര എസ്.എച്ച്.ഒ കെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. എറണാകുളത്ത് ഉബര്‍ ടാക്സി ഡ്രൈവറാണ് അജിത്ത്. മാതാവ്: രമണി. സഹോദരന്: അഭിജിത്ത്.