ചെറുതുരുത്തി: കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തി. ദേശമംഗലം വറവട്ടൂർ കോളനിയിൽ താമസിക്കുന്ന കൊല്ലേരിപടി വീട്ടിൽ പരേതനായ കോതയുടെ മകൻ പ്രഭാകരന്റെ (55) മൃതദേഹമാണ് ബുധനാഴ്ച വൈകീട്ട് ഭാരതപ്പുഴയിൽനിന്ന് കണ്ടെത്തിയത്. ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ഭാരതപ്പുഴയുടെ ഭാഗത്തേക്ക് പ്രഭാകരൻ നടന്നുപോകുന്നത് കണ്ടിരുന്നു. ചെറുതുരുത്തി പൊലീസും ഷൊർണൂരിൽനിന്നുള്ള അഗ്നിരക്ഷ സേനാംഗങ്ങളും തിരച്ചിൽ നടത്തവേ ബുധനാഴ്ച വൈകീട്ട് വീടിന് സമീപത്തെ ചെറുകാട് കടവിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ലക്ഷ്മി. മക്കൾ: ലിജിത, വിഷ്ണു.