അപകടം മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ
മഞ്ചേരി: പുൽപറ്റയിലെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ച് ഭർത്താവ് മരിച്ചു. മഞ്ചേരി പയ്യനാട് പിലാക്കൽ അക്കരമ്മൽ കൊല്ലേരി പരേതനായ മുഹമ്മദിന്റെ മകൻ ബഷീറാണ് (47) മരിച്ചത്. സാരമായി പരിക്കേറ്റ ഭാര്യ സുനീറയെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ന് മാലാംകുളം താഴെ വളവിലാണ് അപകടം. പിലാക്കലിലെ വീട്ടിൽനിന്ന് ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇരുവരും. ഇതിനിടെ മഞ്ചേരി ഭാഗത്തുനിന്ന് വന്ന കാർ ഇവരുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പിന്നിൽ വന്ന ഓട്ടോയിലേക്കും ബഷീറും സുനീറയും റോഡരികിലേക്കും തെറിച്ചുവീണു. ഉടനെ ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബഷീർ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന പയ്യനാട് കാരേപറമ്പ് സ്വദേശി ആമിനക്കും (74) പരിക്കേറ്റു. ബഷീറിന്റെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ. പോസ്റ്റ്മോർട്ട നടപടികൾക്കു ശേഷം മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ്: ഖദീജ. മക്കൾ: നാസിം, നസ്ല, ഫാത്തിമ നഹ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, ജമീല.