വടക്കാഞ്ചേരി: മുടപ്പാറയിലെ സ്വകാര്യ ക്വാറിയിൽ യുവാവിന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മുള്ളൂർക്കര പുതുശ്ശേരി വീട്ടിൽ തോമസിന്റെ മകൻ സിജോയുടെ (29) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ക്വാറിയിൽ മീൻ പിടിക്കാനെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന ക്വാറിയാണിത്. പൊലീസും അഗ്നിരക്ഷസേനയും എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ദിവസങ്ങളോളം പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. തിരിച്ചറിയാൻ കഴിയാത്തവിധം ജീർണിച്ച അവസ്ഥയിലായിരുന്നു. കുളത്തിന് സമീപത്ത് ഊരിവെച്ച നിലയിൽ ചെരിപ്പ് കണ്ടെത്തിയിരുന്നു. വടക്കാഞ്ചേരിയിൽനിന്ന് അഗ്നിരക്ഷസേന സ്റ്റേഷൻ ഓഫിസർ നിതീഷിന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ കലേഷ്, എഫ്.ആർ.ഒമാരായ സുധീഷ്, വിനീത്, ഷിബു, ഡ്രൈവർ വിഷ്ണു, ഹോം ഗാർഡ് നാരായണൻകുട്ടി എന്നിവർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. വടക്കാഞ്ചേരി എസ്.ഐ ടി.സി. അനുരാജിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും ഉണ്ടായിരുന്നു. ദിവസങ്ങൾക്കുമുമ്പ് പരിസരവാസിയായ യുവാവിനെ കാണാതായതായി പരാതി ഉണ്ടായിരുന്നതായി പൊതുപ്രവർത്തകൻ സലാം പറഞ്ഞു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. മേൽനടപടിക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.