എടവണ്ണ: എടവണ്ണ സീതി ഹാജി പാലത്തിന് താഴെ ചാലിയാറിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്പാട് കരിങ്കാട്ടുമണ്ണ കോളനിയിലെ ബാലൻ (38) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴോടെ പുഴയിൽ മൃതദേഹം കണ്ട പ്രദേശവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അനേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എടവണ്ണ പൊലീസ് എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും സിവിൽ ഡിഫൻസ് അംഗങ്ങളും പൊലീസ് വളന്റിയർമാരും ചേർന്നാണ് മൃതദേഹം കരക്കു കയറ്റിയത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൃതദേഹത്തിന് ഏകദേശം മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നിലമ്പൂർ ഡിവൈ.എസ്.പി ഷാജു കെ. എബ്രഹാം, എടവണ്ണ എസ്.എച്ച്.ഒ വി. വിജയ രാജൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. പിതാവ്: പരേതനായ രാമൻ. മാതാവ്: മാദി. ഭാര്യ: പ്രിയ. മക്കൾ: ദേവിക, ദിവ്യ. സഹോദരങ്ങൾ: ബിന്ദു, സിന്ധു.