കടയ്ക്കൽ: ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചിതറ വളവുപച്ച ഫിദ മൻസിലിൽ അബ്ദുൽ വഹാബിന്റെയും ഫൗസിയ ബീവിയുടെയും മകൻ മുഹമ്മദ് ഫഹദ് (21) ആണ് മരിച്ചത്. അപകടത്തിൽ മടത്തറ സ്വദേശി സാദത്തിന് (26) സാരമായി പരിക്കേറ്റു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10ന് കടയ്ക്കൽ-മടത്തറ റോഡിൽ വളവുപച്ചക്കും പേഴുംമൂടിനും മധ്യേയുള്ള വളവിലായിരുന്നു അപകടം. ചിതറയിൽനിന്ന് വളവുപച്ചയിലെ വീട്ടിലേക്ക് പോവുകയായിരുന്നു മുഹമ്മദ് ഫഹദ്. മടത്തറനിന്ന് കടയ്ക്കലിലേക്ക് വരികയായിരുന്നു സാദത്ത്. ഇരുവരും സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും കടയ്ക്കൽ താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് ഫഹദ് വെള്ളിയാഴ്ച രാത്രി മരിച്ചു. ചിതറ ജാമിഅ ബി.എഡ് കോളജിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. മടത്തറ വേങ്കൊല്ലയിൽ ഇരുചക്ര വാഹന വർക്ഷോപ് നടത്തുകയായിരുന്നു.