വടക്കഞ്ചേരി: മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മംഗലംഡാം രണ്ടാംപുഴ അട്ടവാടി ഷൈജുവാണ് (38) മരിച്ചത്. പറശ്ശേരിയിൽ ഷൈജു സുഹൃത്തുമൊത്ത് നടത്തുന്ന പാള പ്ലേറ്റുകൾ ഉണ്ടാക്കുന്ന യൂനിറ്റിന്റെ ഷെഡിൽ ബുധനാഴ്ച രാവിലെ ഏഴിനാണ് മൃതദേഹം കണ്ടെത്തിയത്. പക്ഷാഘാതത്തെ തുടർന്ന് തളർന്നുകിടക്കുകയായിരുന്ന മാതാവ് മേരിയെ (68) ചുമരിൽ തലയിടിച്ചാണ് ഷൈജു കൊലപ്പെടുത്തിയത്. 2022 ഒക്ടോബർ നാലിനായിരുന്നു സംഭവം. മൂന്നു മാസത്തോളം റിമാൻഡിൽ കഴിഞ്ഞ ശേഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. മംഗലംഡാം പൊലീസ് കേസെടുത്തു. ഷൈജുവിന്റെ ഭാര്യയും മക്കളും കുടുംബവഴക്കിനെ തുടർന്ന് ഇയാളുമായി അകന്ന് വയനാട്ടിലാണ് താമസം. മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: സിമി. മക്കൾ: അലോൺ, അയന.