അരിമ്പൂർ: എറവിൽ സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. എറവ് ആറാംകല്ല് ചാലാപ്പിള്ളി വീട്ടിൽ റിട്ട. എസ്.ഐ ഗോപിയുടെ മകൻ സൗരവാണ് (25) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴോടെ എറവ് കപ്പൽ പള്ളിക്ക് സമീപത്തായിരുന്നു അപകടം. തൃശൂർ-തൃപ്രയാർ റൂട്ടിൽഓടുന്ന സ്വകാര്യ ബസായ ‘കിരൺ’ എതിർദിശയിൽ സൗരവ് സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ഗുരുതര പരിക്കേറ്റ സൗരവിനെ ആദ്യം ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സൗരവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഞായറാഴ്ച പുലർച്ച മരിച്ചു. തൃശൂരിലെ ചീരൻസ് യമഹ ഷോറൂമിലെ മെക്കാനിക്കാണ് സൗരവ്. മാതാവ്: ജയ. സഹോദരൻ: സന്ദീപ്.